കാസർഗോഡ്: കല്യോട്ട് കോൺഗ്രസ് മാർച്ചിൽ സംഘർഷം. പെരിയ ഇരട്ടകൊലക്കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചതിനെതിരെയായിരുന്നു മാർച്ച്.
മാർച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം കണക്കിലെടുത്ത് പോലീസ് കല്യോട്ട് ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
റിജിൽ മാക്കുറ്റിയാണ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തത്. ശരത്ലാലിന്റെയും കൃപേഷിന്റെയും കല്യോട്ടെ സ്മൃതികുടീരത്തിൽനിന്ന് ഏച്ചിലടുക്കത്തേക്ക് നീങ്ങിയ പ്രതിഷേധ മാർച്ചിനിടെയാണ് സംഘർഷം ഉണ്ടായത്.
ഇരട്ടക്കൊലക്കേസിൽ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടവരിൽ നാലാംപ്രതി കെ. അനിൽകുമാർ, എട്ടാംപ്രതി സുബീഷ് വെളുത്തോളി എന്നിവർക്കാണ് പരോൾ അനുവദിച്ചത്. സുബീഷിന് 20 ദിവസത്തേക്കും അനിൽകുമാറിന് ഒരുമാസത്തേക്കുമാണ് പരോൾ നൽകിയത്.